DISLAIMER: ഇത് ആശാന്റെ ഒരു സുഹൃത്ത്‌ പണ്ട് പറഞ്ഞ ഒരു സംഭവം ആണ്, അങ്ങനെ ഒരു ദിവസം ആശാന്‍ അവന്റെ ഷൂസ് എടുത്തിട്ടപ്പം(ആംഗലേയത്തില്‍ put yourself in to the shoes of എന്നും പറയും), മനസ്സി തോന്നിയ ഒരു കഥ ആണിത്, പരസ്പരബന്ധമില്ലാത്ത രണ്ടു സംഭവങ്ങള്‍ ജിംബ്രാല്‍ടെന്‍ രീതിയില്‍ കോര്‍ത്തിണക്കി ആസ്വാദകനെ കണ്‍ഫ്യൂഷന്‍ ആക്കുന്ന ആക്രോപോളിടന്‍ ശൈലിയില്‍ ആണ് ഈ കഥ പറയാന്‍ ശ്രമിച്ചിട്ടുള്ളത്(ബിരിക്കുളം ഭരതന്‍, ഓട്ടുവിള സുരേശന്‍ എന്നിവര്‍ക്ക് ശേഷം മലയാളത്തില്‍ മൂന്നാമതായി ഈ ശൈലി ഉപയോഗിച്ചിട്ടുള്ളത് ആശാന്‍ മാത്രമായിരുന്നു). അനിഷ്ടമുള്ളവര്‍ക്ക് പച്ചതെറി കമന്റ്‌ ആയി താഴെ പോസ്റ്റ്‌ ചെയ്യാവുന്നതാണ്, പക്ഷെ ഇത് കൊണ്ടൊന്നും ഇനി എഴുത്ത് നിര്‍ത്തും എന്ന് ആരും വിചാരിക്കെണ്ടാ. ഈ കഥയുടെ ആദ്യ ഭാഗം സനാതനയിലെ ആശാന്റെ പ്രിയ സ്നേഹിതര്‍ക്കും, രണ്ടാം ഭാഗം അടികൊള്ളാന്‍ മാത്രം വിധിക്കപ്പെട്ടിട്ടുള്ള അഖിലകേരള ഞരമ്പുരോഗികള്‍ക്കും ഡെഡിക്കേറ്റ് ചെയ്യുന്നു.

ഭാഗം ഒന്ന് : അസമയത്ത്‌ ഒരു ഫ്ലാഷ്ബാക്ക്

രംഗബോധമില്ലാത്ത കോമാളിയെ പോലെ പരശുറാം എക്സ്പ്രസ്സ്‌ ആശാന്റെ നേര്‍ക്ക്‌ കൊഞ്ഞനം കുത്തി ആലുവാ റെയില്‍വേ സ്റ്റേഷനിലൂടെ കടന്നു പോയി. ആശാന്‍ 5 മിനിറ്റ് ലേറ്റ്, എല്ലാ ദിവസവും ഒരു 10 മിനിറ്റെങ്കിലും താമസിച്ചു വരാറുള്ള പരശു, അന്ന് ആശാന് പണി കൊടുക്കാന്‍ വേണ്ടി മാത്രം, കൃത്യസമയത്തിന് എത്തിച്ചേര്‍ന്നു. തോളിലിടുന്ന ചുമന്ന ബാഗ് കയ്യില്‍ തൂക്കിപ്പിടിച്ചു, സ്വതസിദ്ധമായ നിസംഗതയോടെ ആശാന്‍ മോളിലോട്ടു നോക്കി നിന്നു. ഈ നിസംഗത ആശാന്റെ കൂടെപ്പിറപ്പായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫൈനല്‍ സെമെസ്റെര്‍ control system പ്രാക്ടികല്‍ പരീക്ഷക്ക്‌ 10 മിനിട്ട് മുന്‍പ്, അത് വരെ ലോകം കണ്ടിട്ടില്ലാത്ത ഒരു റെക്കോര്‍ഡ്‌ ബുക്കുമായി certify ചെയ്യാന്‍ വന്ന ആശാനെ നോക്കി തലയില്‍ കൈവച്ചു കൊണ്ട്, "ഇത് പോലെ ഒരു ഉഴപ്പനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നു" സിറിയക് സാര്‍ പറഞ്ഞപ്പോഴും, അത് കേട്ട് വാ പൊത്തി ചിരിച്ചു കൊണ്ട് മുരളിചേട്ടന്‍ ലാബിലോട്ടു കയറിപ്പോയപ്പോഴും ആശാന്റെ മുഖത്ത് ഇതേ നിസംഗത ആയിരുന്നു നിഴലിച്ചിരുന്നത്. ചെറുപ്പത്തില്‍ അച്ഛന്റെയും അമ്മയുടെയും കയ്യില്‍ നിന്ന് ആവശ്യത്തിന് തെറി വാങ്ങിച്ചിട്ടുള്ള ആശാന്‍, വലുതാകുമ്പോള്‍ എങ്കിലും ഒന്നു നന്നാകും എന്ന്, അവര്‍ ആഗ്രഹിച്ചു, പക്ഷെ വലുതായപ്പോള്‍ അവര്‍ നന്നായി. സ്വന്തം അച്ഛനമ്മമാരില്‍ ക്ഷമാശീലം, മനസംയമനം, സഹിഷ്ണുത, തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തിയെടുത്ത ലോകത്തിലെ ഏക സദ്‌പുത്രന്‍ എന്നത് ആശാന്റെ ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. എല്ലാ മാസവും ഒരിക്കലെങ്കിലും വീട്ടുകാര്‍ക്ക് ദര്‍ശനം കൊടുക്കാന്‍ പോകുക എന്നത്, മറ്റുള്ള എല്ലാ ദൂരവാസി മക്കളെയും പോലെ ആശാന്റെയും ഒരു ശീലമാണ്(വീട്ടിലുള്ളവര്‍ക്ക് ഇതില്‍ വലിയ താല്പര്യം ഒന്നും ഇല്ലെങ്കിലും, "അമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും, അച്ഛന്‍ കാത്തിരിക്കുന്നുണ്ടാകും" തുടങ്ങിയ ക്ലീഷേകള്‍ അടിച്ചിറക്കുന്നതില്‍ ആശാനും ഒട്ടും മോശമായിരുന്നില്ല).

ബിരുദപഠനത്തിന് ശേഷം ഇലേക്ട്രോണികത്തില്‍ ബിരുദാനന്ദരം പഠിക്കാന്‍ എത്തിയ ആശാന്‍ ചെന്ന് പെട്ടത്, കൊച്ചിന്‍ യുനിവേര്സിടിയിലെ DOEയില്‍, DOEയില്‍ പഠിക്കുക എന്നത് അക്കാലത്തെ ഒരു വിധം എല്ലാ ഇലക്ട്രോണികന്മാരുടെയും(ബ്രോഷര്‍ കണ്ടിട്ടുള്ള) സ്വപ്നം ആയിരുന്നു (ബ്രോഷരിനകത്തു കണ്ട രോബോടികസ്, ആര്‍ടിഫിഷ്യല്‍ ഇന്‍റെലിജന്‍സ്‌ എന്നീ സ്പെഷ്യലൈസേഷനുകളും, പോരാത്തതിന് സ്കാറ, റിനോ എന്നൊക്കെ പേരുള്ള 5+ ഡിഗ്രീസ് ഓഫ് ഫ്രീഡം ഉള്ള റോബോട്ടുകള്‍ ഒക്കെ കണ്ടു ആശാന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി, ഇതാണ് സ്വര്‍ഗം). കുസാറ്റിലെ ബുദ്ധിജീവി ആസ്ഥാനമായ സനാതനയില്‍ റൂം നമ്പര്‍ 29ല്‍ ആശാന്‍ അങ്ങനെ അന്തേവാസിയായി.

ആശാന്റെ ഒപ്പം താമസിക്കാന്‍ വന്നവര്‍ മഹാരഥന്‍മാരായിരുന്നു, പല്ലില്‍ തോണ്ടാന്‍ വരെ സോള്‍ഡറിംഗ് അയേണ്‍ ഉപയോഗിക്കുന്ന ഗാഡ്ജറ്റ്‌ ഗുരു പ്രജീഷ്‌ മൊകേരി, പുസ്തകം തുറന്നു നോക്കുക എന്ന പരിപാടി സ്വപനത്തില്‍ പോലും ചെയ്യാത്തവനും, എന്നാല്‍ തുറക്കാത്ത പുസ്തകത്തിന്‌ മുന്നില്‍ കണ്ണടച്ച് ഇരുന്നു ധ്യാനിച്ച്‌ അറിവുകള്‍ സ്വായത്തമാക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബുദ്ധിശക്തിയോടു കൂടിയ ലിനെഷ്‌, പകലുറക്കം എന്ന പരിപാടി ആശാന് പോലും പഠിപ്പിച്ചു തന്നവനും, പരീക്ഷക്ക്‌ തലേന്നാള്‍ വരെ ഉച്ചക്ക് നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് ഉറങ്ങുകയും എന്നാല്‍ പരീക്ഷക്ക്‌ ഏതു ഉറക്കമിളച്ചവനെക്കാള്‍ കൂടുതല്‍ മാര്‍ക്കും അടിച്ചു മാറ്റുന്ന ഗുഡ് മത്തായി (ജിനേഷ്‌ മാത്യു എന്നാണു പള്ളിയിലെ പേര്). ക്രിക്കറ്റ്‌, ഫുട്ബാള്‍, ടേബിള്‍ ടെന്നീസ് എന്തിനു കാരം ബോര്‍ഡ്‌ വരെ കളിക്കുന്ന ഏതു കളിയും ജയിച്ചേ പറ്റൂ എന്ന് വാശി പിടിക്കുന്നവനും, ജയിച്ചില്ലേല്‍ ഒപ്പോസിറ്റ്‌ കളിക്കുന്നവന്റെ നെഞ്ചത്ത് ചവിട്ടു നാടകം നടത്തുന്ന ഇലെക്ട്രോനിക്സിന്റെ സ്വന്തം ഭീമന്‍ രൂപേഷ്‌, യാഹൂ മെസ്സെന്ജറിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ഇറക്കി ക്ലാസ്സിലെ മൊത്തം പിള്ളേരുടെയും കൂടാതെ ടീച്ചറുടെ അടക്കം പാസ്‌വേര്‍ഡ്‌ അടിച്ചു മാറ്റിയ ഇലെക്ട്രോണികസിന്റെ സ്വന്തം എത്തിക്കല്‍ ഹാക്കെര്‍ രാവുത്തര്‍(ശരിക്കും പേര് പറയില്ല) ഇത് കൂടാതെ ഇലേക്ട്രോണിക്സിന്റെ സ്വന്തം കൊട്ടാരം വിദൂഷകന്‍ അഷ്കര്‍ അലി ഇവ ചേര്‍ന്നതായിരുന്നു സനതന കുടുംബം.

ശാന്തിയും സമധാനവും വിളയാടി നിന്ന ഇലേക്ട്രോണിക്സ് രാജ്യത്തിന് പൊടുന്നനെ ഭീതി വിതച്ചുകൊണ്ട് അടുത്ത് തന്നെ എകണോമിസ്സ്‌ രാജ്യം (റൂം No:30) നിലവില്‍ വന്നു, രവി, ജയ്മോന്‍, ബിനു പോള്‍ എന്നിങ്ങനെയുള്ള അലവലാതികള്‍ അധികാരത്തിലേറി. തികച്ചും ടീ ടോടല്ലെര്സും സാത്വികന്‍മാരുമായ 29 കാരെ അപേക്ഷിച്ചു മഹാ അലമ്പന്‍മാരും കള്ള്‌കുടിയന്മാരും ആയിരുന്ന ഇവന്മാരെ ഇലേക്ട്രോണിക്സ്കാരന്മാര്‍ക്ക് കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു, രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശീതസമരം നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്നത് തടയാന്‍, ഒരു പൈന്റും ഏല്പിച്ചു രാവുത്തരെ പാട്ടിലാക്കി എകണോമിക്സ്കാര്‍ ഇലെക്ട്രോണിക്സുകാരുമായി സന്ധി സംഭാഷണം നടത്തി സമാധാനം പുനസ്ഥാപിച്ചു. Room No: 30ല്‍ മദ്യപാന സമയത്ത് കയറപ്പെട്ട ഓരോ ഇലേക്ട്രോണിക്സുകാരനും ചൂട് വെള്ളത്തില്‍ കുളിക്കുക, ചന്ദനക്കുറി തൊടുക എന്നീ ശുദ്ധി ക്രിയകള്‍ക്ക് മാത്രമേ, Roon No: 29ല്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ, അല്ലെങ്കില്‍ അന്ന് രാത്രി അവന്‍ TV റൂമില്‍ ഉറങ്ങണം എന്ന് പ്രജീഷും ആശാനും നിബന്ധന വച്ചിരുന്നു.

സനാതനയുടെ സാംസ്കാരിക തലസ്ഥാനം ആയിരുന്നു TV room. അവിടെ വച്ചാണ് കുസാറ്റിലെ ഏറ്റവും വലിയ ബുദ്ധിജീവി ആയ ചിമ്പുവിനെ പരിചയപ്പെടുന്നത്, TV റൂമില്‍ വന്നാല്‍ ഇംഗ്ലീഷ് പടങ്ങള്‍ മാത്രം കാണുക എന്നത് ചിമ്പുവിന്റെ ഒരു ദുശ്ശീലം ആയിരുന്നു, (അതും പഴഞ്ചന്‍ കൌ ബോയ്‌ ചിത്രങ്ങള്‍). "ഇത് ഞങ്ങള്‍ക്കും മനസ്സിലാകും" എന്ന് തെളിയിക്കേണ്ട ബാധ്യത ഉള്ളത് കൊണ്ട് ആശാനും കൂട്ടരും ചാനല്‍ മാറ്റാന്‍ ഒരിക്കലും പറയാറില്ല. തമാശ പടങ്ങള്‍ കണ്ടാല്‍ പോലും ചിമ്പു ചിരിക്കാറില്ലായിരുന്നു. 2002 July 16, 2003 Sep 24 എന്നീ തീയതികള്‍ സനാതനക്കാരെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്തതാണ്, ഏറെ നാളുകള്‍ക്ക് ശേഷം ചിമ്പു ചിരിച്ച ദിവസങ്ങള്‍ ആയിരുന്നു ഇവ (ചിമ്പുവിന്റെ ചിരിയില്‍ പോലും ഒരു സര്‍ഗാത്മകത ഒളിഞ്ഞിരുന്നു, ഇടത്തെ ചുണ്ട് അനക്കാതെ വച്ച് കൊണ്ട്, വലത്തേ ചുണ്ട് 22 ഡിഗ്രി മുകളിലോട്ടു വലിച്ചു നീട്ടി പൊടുന്നനെ റിലീസ് ചെയ്യുന്നതിനെ ആയിരുന്നു "ചിമ്പുചിരി" എന്ന് വിളിച്ചിരുന്നത്‌), പ്രമുഖ ഇംഗ്ലീഷ് ബുദ്ധിജീവികള്‍ ആയ പ്രേം, സ്വാരിഷ്‌ എന്നിവരും ചിമ്പുവിന് കൂട്ടായി പടങ്ങള്‍ കാണാന്‍ ഉണ്ടാകാറുണ്ട്, തമാശകള്‍((( ( ..ഇവര്‍ ചിരിക്കുന്നതെന്തോ അതാണ്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം തമാശ...) വരുമ്പോള്‍ അട്ടട്ടം പൊട്ടിച്ചിരിക്കാറുള്ള ഇവരുടെ മുഖത്ത് ഒരു കണ്ണും മറ്റേ കണ്ണ് TVയിലും കൊളുത്തി വച്ചാണ് ആശാനും കൂട്ടരും അന്ന് ഇംഗ്ലീഷ് പടങ്ങള്‍ കണ്ടിരുന്നത്. ഇംഗ്ലീഷ് തമാശ വരുമ്പോള്‍ ഇവര്‍ ചിരി തുടങ്ങി കൃത്യം 1.638 സെകണ്ടുകള്‍ക്ക് ശേഷം ആശാനും കൂട്ടരും ചിരിക്കുമായിരുന്നു. (പില്‍ക്കാലത്ത് സായിപ്പിന്റെ തല്ലും തലോടലും കൊണ്ട് ആംഗലേയം കുറച്ചൊക്കെ വശത്താക്കിയ ആശാന്‍, അന്ന് കണ്ട പടങ്ങള്‍ വീണ്ടും netflix വഴി കണ്ടു, എന്ത് കേട്ടിട്ടാണ് അന്ന് ഇവന്മാരൊക്കെ ചിരിച്ചത് എന്നത് ആശാന്റെ മുന്നില്‍ ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തുടരുന്നു).

ലേഡീസ്‌ ഹോസ്റ്റല്‍ നിന്നും അടിച്ചു മാറ്റിയ നോട്സ് താഴെ ട്വിന്കിളില്‍ പോയി ഫോട്ടോസ്ടാറ്റ്‌ എടുത്തു, സനാതനയിലെ ഇലേക്ട്രോണിക്സുകാര്‍ കംബ്യ്ന്‍ട് സ്റ്റഡി നടത്തി, നട്ടപ്പാതിരയ്ക്ക് മൈക്രോപ്രോസസ്സരുകളെ പറ്റിയും റോബോട്ടുകളുടെ ചലനത്തെ പറ്റിയും താത്വികമായ അവലോകനങ്ങളും കവിയരങ്ങുകളും സംഘടിപ്പിച്ചു, കംബ്യ്ന്‍ട് സ്റ്റഡിയുടെ ഗുണം കൊണ്ടോ എന്തോ എന്നറിയില്ല അവസാനം ആശാനും കൂട്ടരും 8+ സ്കോറോടു കൂടി തന്നെ MSc പാസായി, എന്തൊക്കെ മണ്ടത്തരങ്ങള്‍ ചെയ്താലും, ബുധന്‍ രാഹുവിന്റെ തലയില്‍ കയറി നിന്ന് ശനിയുടെ കഴുത്തിന്‌ പിടിക്കുന്ന അപാര ഗ്രഹനിലയില്‍ ജനിച്ചത്‌ കൊണ്ടും, മുകളിലെ സര്‍വവ്യാപിക്കു ആശാനോട് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ തോന്നിയത് കൊണ്ടും, വലിയ തട്ടും കൊട്ടും ഇല്ലാതെ ആശാന് ജോലിയും കിട്ടി, ആദ്യം കിട്ടിയ കോടതിപ്പണി രാജി വച്ച് ആശാന്‍ സോഫ്റ്റ്‌ ആയ പണിക്ക് ചേര്‍ന്നു.

ഭാഗം രണ്ട് : വൈകി വന്ന വണ്ടിയിലെ വേണ്ടാതീനങ്ങള്‍

ചിന്തിച്ചു ചിന്തിച്ചു സൈലന്റ് വാലി കയറിയ ആശാന്‍ പൊടുന്നനെ സ്വബോധം വീണ്ടെടുത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്‌ സ്റ്റാന്റിലേക്ക് ഓടി, ഈ സമയം കൊണ്ട്, മൂന്നു സൂപ്പര്‍ ഫാസ്റ്റും, ഒരു ഫാസ്റ്റ്‌ പാസ്സഞ്ചറും സ്ഥലം വിട്ടിരുന്നു, പെട്ടെന്ന് വീട്ടില്‍ എത്താനുള്ള വ്യഗ്രതയില്‍ വേറെ ഒന്നും നോക്കാതെ ആശാന്‍ അടുത്തു വന്ന കണ്ണൂര്‍ ബസ്സിനു ചാടി കയറി, വണ്ടിയില്‍ നിറച്ചും ആള്‍ക്കാര്‍ ഒടുവില്‍ എങ്ങനെയോ ആശാന് പിന്നില്‍ ഒരു സീറ്റ്‌ കിട്ടി, ബാഗ് മോളില്‍ വച്ച് വിശാലമായി ദീര്‍ഖനിശ്വാസം വിട്ടു ആശാന്‍ ചാരിയിരുന്നു.

ബസ്‌ കണ്ണൂര്‍ ലക്ഷ്യമാക്കി കുതിച്ചു, ഒരു പകുതി മയക്കത്തിലേക്ക്‌ വീണ ആശാന്റെ മുന്നിലൂടെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ കടന്നുപോയി. വണ്ടി കോഴിക്കോട്ട് എത്തിയ ശേഷം ആശാന്‍ പുറത്തിറങ്ങി ഒരു സോഡയും സുഖിയനും കഴിച്ചു തിരിച്ചു വന്നു കുംഭകര്‍ണ സേവ തുടര്‍ന്നു.ഏകദേശം കൊയിലാണ്ടി എത്താറായപ്പോഴേക്കും വീണ്ടും എണീറ്റ ആശാന്‍ മുഖം തുടച്ചു, കണ്ണ് തുറിച്ചു വാച്ചില്‍ നോക്കി സമയ ഏകദേശം 5 മണി.

ബസ്സില്‍ ഇപ്പോള്‍ പഴയ പോലെ തിരക്കില്ല, മുന്‍പില്‍ കലപില കൂട്ടുന്ന പുളകിതയൌവനങ്ങള്‍, പിറകിലെ സീറ്റുകളില്‍ നിന്നും സാംസ്കാരിക ചര്‍ച്ചകളും, വികിലീക്സിന്റെ പുതിയ വെളിപ്പെടുത്തലുകളും പൊടിപൊടിക്കുന്നു, വടകര എത്താറായപ്പോള്‍ ഒരു മാന്യന്‍ (ഏകദേശം നാല്പതു) പിറകിലൂടെ കയറി മുന്നിലോട്ടു പോയി, സ്ത്രീകള്‍ നില്‍ക്കുന്നതിനു പിന്നില്‍ നില്പുറപ്പിച്ചു, ആശാന്റെ ഷെര്‍ലക് കണ്ണുകള്‍ക്ക് ആ പൊക്കില്‍ എന്തോ പന്തികേട് തോന്നിയിരുന്നു, നമുക്കയാളെ Mr. X എന്ന് വിളിക്കാം, Mr. X സുമുഖന്‍ ആയിരുന്നു, കയ്യില്‍ മടക്കി വച്ച ഒരു ഫോല്‍ഡിംഗ് കുട, Mr. X ന്റെ കൈകളുടെ ചലനത്തില്‍ ഒരു തോണ്ടലിന്റെ ലാഞ്ചന ഉണ്ടോ എന്ന ഒരു സംശയം, ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്ന സ്ത്രീ, ആശാന് കാര്യം മനസ്സിലായി.

ആശാന്റെ ധാര്‍മികരോഷം ഉണര്‍ന്നു (ചാടിയെഴുന്നേറ്റു അവന്റെ കരണത്തു രണ്ടെണ്ണം പൊട്ടിച്ചു, തള്ളി താഴെ ഇട്ടു, കൈകാലുകള്‍ തല്ലി ഒടിച്ചു, നട്ടെല്ല് ഊരിയെടുത്തു, തലയോട് തല്ലിപ്പോളിച്ചു അതില്‍ പായസം വെച്ച്കുടിക്കുമായിരുന്ന ആശാന്‍, Mr. X നു അത്യാവശ്യം തടിമിടുക്കു ഉള്ളത് കൊണ്ട്, ഗാന്ധിയന്‍ രീതികള്‍ ആയ തുറിച്ചു നോട്ടം, തല ചൊറിയല്‍ എന്നീ പ്രതിഷേധമാര്‍ഗങ്ങളിലൂടെ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു). കൂടാതെ, തോണ്ടല്‍ എന്നാ പ്രതിഭാസത്തെ കുറിച്ച് താന്‍ ആധികാരികമായി ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കും എന്നും തീരുമാനിച്ചു.

ശിലായുഗം മുതല്‍ തന്നെ തോണ്ടുന്നവരും തോണ്ടപ്പെടുന്നവരും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയതാണ്, ദ്രൌപദിയെ തോണ്ടാന്‍ ചെന്ന് കീചകന്‍ ആയിരുന്നു ആദ്യത്തെ തോണ്ടല്‍ രക്തസാക്ഷി. ബില്‍ ക്ലിന്റന്‍, ഫെര്‍ഗുസന്‍ തുടങ്ങിയവര്‍ ആണ് തോണ്ടലിന് ഒരു അന്താരാഷ്ട്ര മാനം നല്‍കിയത്, ഇന്ന് അമേരിക്കയില്‍ തോണ്ടലും തോണ്ടല്‍ സാഹിത്യങ്ങളും 5.6 ബില്ല്യന്‍ ഡോളറിന്റെ ബിസിനസ്‌ സെക്ടര്‍ ആണ്, വാള്‍ സ്ട്രീറ്റിന്റെ പുതിയ ജേര്‍ണലില്‍ ഭാവിയിലെ ഏറ്റവും വികസിക്കപ്പെടാവുന്നതും, മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ സാധ്യത ഉള്ളതുമായ മേഖലകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനം തോണ്ടല്‍ അനുബന്ധ സാഹിത്യങ്ങളുടെ പബ്ലിഷിംഗ്, മൂവി മേകിംഗ് എന്നിവ ആയിരുന്നു. ആശാന്‍ തോണ്ടലിനെ പറ്റി പ്രബന്ധം എഴുതാന്‍ തുടങ്ങി. ഇതിനിടയ്ക്ക് മുന്നില്‍ കനത്ത ഒരു ശബ്ദം.

"താന്‍ എന്താടോ ഈ ചെയ്യുന്നത്" മുമ്പില്‍ നിന്ന സ്ത്രീ തിരിഞ്ഞു നിന്ന് കൊണ്ട് Mr. X നോട് ചോദിച്ചു.

ചോദ്യം കേട്ട് Mr. X ഒന്ന് അമ്പരന്നു. പിന്നെ തപ്പി തപ്പി മറുപടി പറഞ്ഞു.

"അത് ... പിന്നെ.. "

സ്ത്രീത്വം ഉണരുകയായിരുന്നു :"എന്ത് പിന്നെ..."

Mr. X : "അത് പിന്നെ ഈ കുട.. അല്ലാ.. ഇതിന്റെ പിടി... ഇടയ്ക്കു വന്നു തട്ടുന്നതാ പെങ്ങളെ."

മലയാളിമങ്ക പൊടുന്നനെ ജാന്‍സിറാണിയായി
"ഫാ.....ഹ്.. മൂന്നു പെറ്റ എന്നെയാണോടാ നീ കുടയും പിടിയും പഠിപ്പിക്കുന്നത്‌."

ട്ടാപ്പെയ്യ്യ്യ്‌.........................................................................

Mr. X ന്റെ കരണത്തു പൊട്ടിയ ആ അടി അങ്ങ് കണ്ണൂര്‍ വരെ കേട്ടു എന്ന് പിന്നീടാണറിഞ്ഞത്.

************************************************************************************

Friday, January 13, 2012

No comments:

Post a Comment